Sunday, February 15, 2009

പ്രണയം

ആർദ്ദ്രമാംകൗമാരമന്റെസ്വപ്നങ്ങളിൽ
പ്രണയത്തിൻ വർണ്ണം വിതച്ച കാലം
തങ്കനൂലിഴകളാൽനിൻ രൂപമെപ്പൊഴോ
ഹൃദയത്തിൽതുന്നിപ്പിടിപ്പിച്ചു ഞാൻ
കുഞ്ഞുമോഹങ്ങളാലരുമയായ്പണിതീർട്ത്ത
സങ്കൽപവനിയിലിരുന്നേകയായ്‌
നാമൊന്നുചേരുന്നനാളെത്തൺചിത്രങ്ങ
ളാശയോടേറെവരച്ചുതീർട്ത്തു
പറയാതെയറിയുമെന്നാശിഛുപോയ്‌
വൃഥാ മൗനങ്ങൾമൊഴികളായ്മാറുമെന്ന്
സത്യവുംസ്വപ്നവും വേർപിരിഞ്ഞപ്പൊഴോ
നീയെന്നകനവും മറഞ്ഞുപോയി
മൂകമാപ്രണയസ്സരണികളോ
കണ്ണുനീപ്പുഴകളായ്‌ മാറിയന്ന്
പാഴാംകിനവുകൾതന്മരുഭൂമിയിൽ
ഞാനലഞ്ഞാശ്വാസതീരത്തിനായ്‌
**************
ആരേയുംകാത്തുനിന്നീടാതെപായുന്ന
കാലപ്രവാഹം കടന്നുപോയി
വിഷാദക്കരിംബടം പുതഛുമയങ്ങിയെൻ
മനസ്സിന്റെവാതിൽ തുറന്നുമെല്ലെ
നിനയാതെപടികടന്നെത്തിനീയന്നെന്റെ
സിന്ദൂരരേഖതൻ പുണ്യമായി....
അകിലായിപ്പുകയുന്നഹൃദയത്തിലായിരം
കുളിരുനീരുറവകൾ വിരിഞ്ഞപോലെ
സ്നേഹമിറ്റുന്നൊരുസാമിപ്യമായ്‌ മമ
ജീവനിൽ നീ നിറവായിടുംബോൾ
എവിടെയോകണ്ടു മറന്നതാണീ മുഖമീ
മൊഴി ഞാനെന്നോകേട്ടിരിപ്പൂ
ജന്മാന്തരങ്ങളിലേപ്പൊഴോനാമൊന്നു
ചേർന്നൊരു പൂവനം തീർട്ത്തിരുന്നോ
അറിയാതെ അറിയുവാൻ കാണാതെ കാണുവാൻ
കേൾക്കാതെ കേൾക്കുവാൻ ശീലിച്ചുവോ
അറിവീലെനിക്കൊന്നുമാത്രമറിവൂ ഞാൻ
നീയെന്റെ സത്യപ്രണയമല്ലോ.....

Wednesday, March 12, 2008

മനുഷ്യപുത്രന്‍

വേണ്ട നിങ്ങള്‍ ഉയിര്‍ത്തെണീപ്പിക്കേണ്ട അനുവദിക്കുക മണ്ണായി മാറുവാന്
‍പച്ചമാംസത്തില്‍ അധികാരമത്തിന്റെ
ആണികള്‍ തുളഞ്ഞാഴങ്ങള്‍ തേടവേ
മുള്‍ക്കിരീടം ശിരസ്സിലങ്ങിങ്ങായ്‌..
ചുടുനിണത്തിന്റെ ചാലുകള്‍ തീര്‍ക്കവേ..
ഇല്ല വേദനിച്ചില്ലെനിക്കൊട്ടുമേ..
മനുജ നിന്മുഖം പൂവായിമാറിയെന്
‍മുറിവിലൊക്കെ തലോടി ഞാന്‍ സ്നേഹമാം
മധു നിറച്ചന്നു പകരമായ്‌ നിന്നിലും..
പതിതനാം നിന്റെ നൊമ്പരച്ചില്ലുകള്‍ഹൃദയപൂര്‍വ്വകമേറ്റുവാങ്ങീടവേ..
നിനവതില്ലൊരുമാത്രക്കുപോലുമേ..
ഇരവിലെങ്ങോ മയങ്ങുമെന്‍ ദുര്‍വിധി..
അന്നു ഞാന്‍ ചുമന്നുഴറിയ കുരിശിനെ
വെന്നിടും ദിവ്യ ഭാരമതേറ്റുവാന്‍..
നിങ്ങളെന്നെ നിയോഗിക്കുമെന്നൊരു
വന്യ സ്വപ്നവും കണ്ടിരുന്നില്ല ഞാന്‍..
പങ്കു പറ്റിയോനിങ്ങളാ നീചനാം
ഒറ്റുകാരന്റെ വാക്കുകള്‍ കേട്ടുവോ..
എന്നിലേറെയായ്‌ നിങ്ങളെ കണ്ടെന്ന
തെറ്റതൊന്നുമാത്രം ചെയ്തിരിപ്പു ഞാന്‍.
അന്നെനിക്കു കുരിശുവിധിച്ചൊരാ
കപടവര്‍ഗ്ഗത്തെ ഏല്‍പ്പിച്ചുവോ എന്നെ
ആലയങ്ങളില്‍ കുടിയിരുത്തിക്കൊണ്ടും
ദേവദേവനായ്‌ പൂജിച്ചുവാഴ്ത്തിയും..
ഇന്നുമെന്നുടെ ചോര മോന്തിക്കൊണ്ടു
മേടകള്‍ തോറുമവര്‍ മദിച്ചീടുന്നു..
അറിയുനീയെന്‍ പ്രിയപ്പെട്ട മാനവാ
നിന്നിലൊന്നായ്‌ മാറുവാന്‍ മാത്രമായ്‌
എന്നുമെന്നും കൊതിച്ചവനാണു ഞാന്‍..
വേണ്ടെനിക്കീ വിശുദധമാം ചങ്ങല..
നൂറുനൂറാണ്ടായ്‌ ഞാന്‍പേറിവന്നൊരാ
ക്രൂശിത വേഷമേറെ മടുത്തുപോയ്‌..
ഇന്നിതാ നേരമായൊരു മോചന
കാലമായെന്നെ മണ്ണായി മാറ്റുനീ.....................